ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനസർവീസുകൾ താളം തെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി. വിവിധ രാജ്യങ്ങൾ വ്യോപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കാൻ കാരണം.
എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവീസുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഇന്ന് പുറപ്പെടേണ്ട കണ്ണൂർ-ഷാർജ വിമാനവും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനടക്കം വിവിധ രാജ്യങ്ങൾ അടച്ചിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചു.
ഈമാസം 18 ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാർജ വിമാനം, കണ്ണൂർ-ഷാർജ വിമാനം, 19 ന് പുറപ്പെടേണ്ട വിവിധ വിമാനങ്ങൾ എന്നിവ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഗൾഫിലെ വേനലവധിക്ക് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്ന സമയത്താണ് വിമാന സർവീസുകൾ താളം തെറ്റുന്നത് എന്നതിനാൽ നിരവധി പേരെ ഇത് ബുദ്ധിമുട്ടിലാക്കും.



