ടെഹ്റാൻ: ഇസ്രായേൽ – ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യ ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 100 ഇന്ത്യൻ പൗരന്മാർ ഇന്ന് രാത്രിയോടെ അർമേനിയയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സർക്കാർ വൃത്തങ്ങളെ വ്യക്തമാക്കുന്നത്. ഇസ്രായേൽ പ്രധാന നഗരങ്ങളിൽ ബോംബാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഏകദേശം 10,000 വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും ബന്ധം നിലനിർത്താനും, അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും, ഏറ്റവും പുതിയ വിവരങ്ങൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും ജൂൺ 15ന് ഇറാനിലെ ഇന്ത്യൻ എംബസി ഒരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാനിലെ വിദ്യാർത്ഥികളുമായി അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.



