ദുബായ് : മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നായ യുഎഇ-ഇന്ത്യ വിമാന സർവീസുകളും താളം തെറ്റി. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളും ദുരിതത്തിലായി.
ചിലർ രാജ്യത്ത് യാത്രയ്ക്കിടെ കുടുങ്ങിയപ്പോൾ മറ്റുചിലർക്ക് വിദേശത്ത് വച്ച് യാത്രാ പദ്ധതികൾ മാറ്റിവച്ച് ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യേണ്ടി വന്നു. ഓരോ വർഷവും 10 ദശലക്ഷത്തിലേറെ യാത്രക്കാരെ വഹിക്കുന്ന യുഎഇ-ഇന്ത്യ വ്യോമപാത ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര ഇടനാഴികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 2023-ൽ മാത്രം രണ്ട് രാജ്യങ്ങൾക്കിടയിൽ 19 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്.
ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് എയർ ഇന്ത്യ യാത്രക്കാരാണ്. തിങ്കളാഴ്ച എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് ദുബായിൽ നിന്ന് ലഖ്‌നൗ, മംഗളൂരു, കൊച്ചി എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആറ് വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.



