ദില്ലി: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലർച്ചെയോടെ എത്തുമെന്ന് വിവരം. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെടുന്നത്. 110 ഇന്ത്യാക്കാരുമായാണ് ആദ്യ വിമാനം വരുന്നത്. ജമ്മു കാശ്മീർ സ്വദേശികളാണ് ഇവരിൽ കൂടുതലും. മലയാളികൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോർക്ക വ്യക്തമാക്കി. ടെഹ്രാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മടങ്ങിയേക്കുമെന്നാണ് സൂചന.ഇസ്രയേൽ ഇറാൻ സംഘർഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇറാനിലെ ഉർമിയയിൽനിന്നും അയൽരാജ്യമായ അർമേനിയയിലേക്ക് 110 പേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഇതിലധികവും ജമ്മു കാശ്മീർ സ്വദേശികളായ വിദ്യാർത്ഥികളാണ്. മലയാളികളണ്ടോ എന്ന് വ്യക്തമല്ല. ഇവരുമായുള്ള വിമാനം അർദ്ധരാത്രിയോടെ ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നത്.യുദ്ധം കാരണം വ്യോമപാതകൾ പലയിടത്തും അടച്ചതും മറ്റ് നിയന്ത്രണങ്ങൾ കാരണം യാത്ര വൈകാൻ സാധ്യതയുണ്ടെന്ന വിവരവും ഇന്നലെ പുറത്തുവന്നിരുന്നു. ജമ്മു കാശ്മീരിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ദില്ലിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകുമെന്നും വിവരമുണ്ട്. അതേസമയം ടെഹ്രാനിൽനിന്നും ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ചിലർ സ്വമേധയാ ടെഹ്രാനിൽനിന്നും വിവിധ അതിർത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും.
ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള ആദ്യവിമാനം പുലർച്ചെയോടെ എത്തുമെന്ന് വിവരം
RELATED ARTICLES



