ടെൽ അവീവ്∙ ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഇറാൻ. വടക്കൻ ഇസ്രയേലിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. കർമിയേലിലെ ഒരു ഷെൽട്ടറിൽ 51 വയസ്സുള്ള സ്ത്രീ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനീവയില്‍ ഇറാൻ വിദേശകാര്യമന്ത്രി അറഗ്ചിയും യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഇറാൻ, യുകെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവിയുമാണ് ഇറാനൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണുന്നത് ലക്ഷ്യമിട്ടാണ് ചർച്ച. ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ പ്രതിനിധികൾ ഇറാനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതേസമയം തന്നെ യുഎൻ രക്ഷാസമിതിയിലും ഇറാൻ–ഇസ്രയേൽ വിഷയത്തിൽ യോഗം പുരോഗമിക്കുന്നുണ്ട്.
അതിനിടെ ഇറാനിൽനിന്ന് എംബസി ജീവനക്കാരെ പിൻവലിക്കുകയാണെന്ന് യുകെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ടെഹ്‌റാനിലെ എംബസിയിൽനിന്നു ജീവനക്കാരെ പിൻവലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.‘‘ഇറാനിൽനിന്നു ഞങ്ങളുടെ ജീവനക്കാരെ താൽക്കാലികമായി പിൻവലിക്കാനുള്ള മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്.’’– യുകെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേലിലെ എംബസിയിലെയും കോൺസുലേറ്റിലെയും ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെ താൽക്കാലികമായി പിൻവലിക്കുകയാണെന്ന് യുകെ നേരത്തെ അറിയിച്ചിരുന്നു.



