മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. 8.15-ഓടെ ആദ്യഘട്ട ഫലസൂചനകൾ ലഭ്യമാകും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഫലസൂചനകളും വിശകലനങ്ങളും റിപ്പോർട്ടറിൽ തത്സമയം അറിയാം. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടിയിരുന്നു. 10,000 മുതൽ 15,000 വരെ വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് വിജയിക്കിമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. 75000 വോട്ടുകൾ വരെ നേടുമെന്ന് പി വി അൻവറും അവകാശപ്പെട്ടിരുന്നു. വിജയം ഉറപ്പാണെന്നാണ് ബിജെപി സ്ഥാനാർത്ഥിയുടെ നിലപാട്.
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ 2016ലും 2021ലും നിലമ്പൂരിൽ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പി വി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു



