തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ജയം അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തൽ ആവശ്യമങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലൂടെയാണ് യു.ഡി.എഫ് വിജയിച്ചത്. ഇത്തവണ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യു.ഡി.എഫിന് വോട്ട് കുറഞ്ഞതായും എം.വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
2021ൽ യു.ഡി.എഫിന് കിട്ടിയ വോട്ട് നിലനിർത്താനായില്ല. 1420 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണി രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂർ. പാർട്ടി വോട്ട് കൂടാതെ പുറമെനിന്ന് വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.യു.ഡി.എഫിന് വർഗീയ ശക്തികളുടെ പിന്തുണ കിട്ടി. വർഗീയ തീവ്രവാദ ശക്തികൾ ചേർന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കിയാണ് നിലമ്പൂർ. ഇത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നുംഎം.വി ഗോവിന്ദൻ പറഞ്ഞു.
വർഗീയ ശക്തികളെ മാറ്റി നിർത്തിയാണ് നിലമ്പൂരിൽ എൽ.ഡി.എഫ് ഇത്രയധികം വോട്ട് പിടിച്ചത്. വർഗീയ ശക്തികളെ ഒരുമിപ്പിച്ചും കള്ളപ്രചാരണം നടത്തിയുമാണ് യു.ഡി.എഫ് വിജയിച്ചതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. അൻവറിന്റെ വോട്ട് കൂടി വാങ്ങിയാണ് കഴിഞ്ഞ തവണ നിലമ്പൂരിൽ ജയിച്ചത്. ഇത്തവണ അൻവറിന്റെ വോട്ടിന്റെ കുറവാണ് തോൽവിക്ക് കാരണം.ഇടത് വോട്ടിൽ കുറച്ച് അൻവർ പിടിച്ചിട്ടുണ്ട്. എവിടെ ഒക്കെ വോട്ട് ചോർന്നെന്ന് വിശദമായി പരിശോധിക്കുമെന്നും എം. വി ഗോവിന്ദൻ അറിയിച്ചു.



