വാഷിംഗ്ടൺ: ഉത്തരകൊറിയയുമായി അമേരിക്കയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ അത് തീർക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. ‘താനും കിം ജോങ് ഉന്നും തമ്മിൽ നല്ല ബന്ധമാണുള്ളത്. നമുക്ക് എന്താണ് നടക്കുന്നത് എന്ന് നോക്കാം. ആരോ പറഞ്ഞു എന്തൊക്കെയോ പ്രശ്ങ്ങളുണ്ടെന്ന്. നമുക്കത് ശരിയാക്കാം’ എന്നാണ് ട്രംപ് പറഞ്ഞത്.
ഉത്തര കൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ടായിരുന്നു. നേരത്തെ ഐക്യരാഷ്ട്ര സഭയിലെ ഉത്തര കൊറിയൻ പ്രതിനിധികൾ ട്രംപിന്റെ കത്തുകൾ സ്വീകരിക്കാൻ വിസമ്മതിച്ചതായി വാർത്തകളുണ്ടായിരുന്നു. ട്രംപിൻ്റെ ആദ്യടേമിൽ 2019ലാണ് യുഎസ് – ഉത്തരകൊറിയ ബന്ധം ഉലയുന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കണം എന്ന യുഎസ് നിലപാട് ഉത്തരകൊറിയ തള്ളിയതോടെയായിരുന്നു അന്ന് ട്രംപ് – കിം ബന്ധം ഉലഞ്ഞത്. ശേഷം യാതൊരു ചർച്ചയും ഇരുകൂട്ടരും തമ്മിൽ നടന്നിട്ടില്ല. പ്രശ്നങ്ങൾ തീർക്കാമെന്ന ട്രംപിന്റെ ഉറപ്പ് ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങളിൽ മഞ്ഞുരുകുന്നുവെന്ന സൂചനയാണ് നൽകുന്നത്.



