പത്തനംതിട്ട : ബസ് കാത്തുനിന്ന യുവതിയോട് അശ്ലീലആംഗ്യങ്ങൾ കാട്ടുകയും അരികിലെത്തി ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയെ പന്തളം പോലീസ് പിടികൂടി. പന്തളത്ത് ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന മുളക്കുഴ സ്വദേശിനി 23 കാരിക്ക് നേരെയാണ് പ്രതി അതിക്രമം കാട്ടിയത്. 26 ന് രാത്രി 8.45 ഓടെ ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിനായി പന്തളം നവരാത്രി മണ്ഡപത്തിനു സമീപം ബസ് കാത്ത് നിൽക്കുമ്പോഴാണ് സംഭവം.യുവതിയെ കൈകാട്ടി വിളിച്ച് ശ്രദ്ധ ക്ഷണിച്ചശേഷം അരികിലെത്തി ദേഹത്ത് കടന്നുപിടിയ്ക്കുകയായിരുന്നു. പരസ്യമായി അപമാനിക്കപ്പെട്ട യുവതി, പിറ്റേന്ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു, ഇവരുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ നയബസാർ ദക്ഷിൺ ദിനാജ് പുർഡെഗുൺ മോനോഹലി സന്തോഷ് ബർമൻ മകൻ നരേഷ് ബർമൻ (50) നെ ഉടനടി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എസ് ഐ സന്തോഷ് കുമാർ ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് എസ് ഐ ആർ മനോജ് കുമാർ അന്വേഷണം നടത്തി. എസ് എച്ച് ഓ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പന്തളം സ്വകാര്യ ബസ് സ്റ്റാണ്ടിനടുത്തു നിന്നും പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് ഇന്നലെ ഉച്ചക്ക് രേഖപ്പെടുത്തി. പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ക്കൊപ്പം എസ് ഐ അനീഷ് എബ്രഹാം, എസ് സി പി ഓമരായ എസ് അൻവർഷാ, അനുജ്, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.
യുവതിക്കുനേരെ ലൈംഗികാതിക്രമം : പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
RELATED ARTICLES



