Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബഹിരാകാശ നിലയത്തിനുള്ളിൽ ഇന്ത്യയുടെ കാലടി പതിപ്പിച്ചതിന് ശുഭാംശുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബഹിരാകാശ നിലയത്തിനുള്ളിൽ ഇന്ത്യയുടെ കാലടി പതിപ്പിച്ചതിന് ശുഭാംശുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡൽഹി: ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) എത്തിയ ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബഹിരാകാശ നിലയത്തിനുള്ളിൽ ഇന്ത്യയുടെ കാലടി പതിപ്പിച്ചതിന് ശുഭാംശുവിനെ മോദി അഭിനന്ദിച്ചു. യുഎസ് ആസ്ഥാനമായ ആക്സിയം സ്പേസിന്റെ സ്വകാര്യ വാണിജ്യ ബഹിരാകാശ യാത്രയായ ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി ഐ‌എസ്‌എസിൽ കാലുകുത്തിയാണ് ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രം ശുഭാംശു സൃഷ്ടിച്ചത്. ഇന്ത്യയിൽ നിന്ന് ഏറ്റവും അകലെയാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്താണ് നിങ്ങളെന്ന് പ്രധാനമന്ത്രി ശുഭാംശുവിനോട് വീഡിയോ സംഭാഷണത്തിൽ പറഞ്ഞു. ‘ഇത് എന്റെ മാത്രം യാത്രയല്ല, നമ്മുടെ രാജ്യത്തിന്റെയും യാത്രയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്,’ എന്നായിരുന്നു മറുപടിയായി ശുഭാംശു പറഞ്ഞത്.

ശുഭാംശുവിന്റെ നേട്ടങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. മുഴുവൻ രാജ്യത്തിനും അഭിമാനകരമായ നിമിഷമാണിതെന്നും ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നും പ്രധാനമന്ത്രി സുപ്രധാന നേട്ടത്തെ വിശേഷിപ്പിച്ചു.

ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന മോദിയുടെ ചോദ്യത്തിന് ഇപ്പോൾ മനസിലാകുന്നില്ലെന്നും, അല്പസമയത്തിനകം പുറത്തേക്ക് കാണുമ്പോൾ മനസിലാകുമെന്നുമായിരുന്നു ശുഭാംശുവിന്റെ മറുപടി. അന്തരീക്ഷത്തിന്റെ ഇത്രയും വിശാലത കാണുമ്പോൾ എന്ത് തോന്നുന്നുവെന്ന് മോദി ചോദിച്ചു. മാപ്പിൽ കാണുന്ന പോലെ അതിർത്തികളൊന്നും കാണാനില്ലെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. ഭാരതം ഇവിടെ നിന്ന് വളരെ മനോഹരമാണ്. ഭൂമിയുടെ ഏകതയാണ് ദൃശ്യമാകുന്നത്. വൈവിധ്യത്തിൽ ഏകതയെന്ന ഭാരതത്തിന്റെ ചിന്തയാണ് ഇവിടെയും വ്യക്തമാക്കുന്നത്. അവിടെ കാര്യങ്ങൾ എത്രത്തോളം വ്യത്യാസമാണെന്ന മോദിയുടെ ചോദ്യത്തിന് എല്ലാം വ്യത്യസ്തമാണെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ട്.പരിശീലനം ലഭിച്ചത് ഗുണം ചെയ്യുന്നു. ധ്യാനത്തിന്റെയും മൈന്ഡ് ഫുൾനെസിന്റെയും ഗുണം അവിടെ ലഭിക്കുന്നുണ്ട്. വലിയ സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയുന്നു.നല്ല തീരുമാനമെടുക്കാന് സഹായിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ വലിയ സഹായമാകുന്നുവെന്നും അദ്ദേഹം വിവരിച്ചു.

യുവാക്കൾക്ക് എന്ത് സന്ദേശം നല്കുന്നുവെന്ന മോദിയുടെ ചോദ്യത്തിന് വലിയ സ്വപ്നങ്ങൾ കാണണമെന്നായിരുന്നു ശുഭാംശുവിന്റെ മറുപടി. വിജയത്തിലേക്ക് ഒരു വഴി മാത്രമല്ല. പല വഴികളുണ്ട്. പരിശ്രമം അവസാനിപ്പിക്കരുതെന്ന് ശുഭാംശു മറുപടി നൽകി. രാജ്യം ശുഭാംശുവിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് മോദി മറുപടി നൽകി. ഗഗൻയാന് സ്വന്തം സ്പേസ് സ്റ്റേഷന്, ചന്ദ്രനിലേക്കുള്ള പദ്ധതികൾ എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങൾ മുതൽക്കൂട്ടാകുമെന്ന് മോദി മറുപടി നൽകി. ഈ അനുഭവങ്ങൾ വലിയ പാഠമാണെന്നും എല്ലാം ഭാവി പരീക്ഷണങ്ങളിലും സഹായിക്കുമെന്നും ശുഭാംശു മറുപടി നൽകി.

ജൂൺ 25 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ കാപ്‌സ്യൂളിൽ മറ്റു മൂന്ന് ബഹിരാകാശയാത്രികർക്കൊപ്പമായിരുന്നു ശുഭാംശു ശുക്ല ഐ‌എസ്‌എസിലേക്ക് പറന്നത്. 1984-ൽ റഷ്യൻ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക യാത്രയ്ക്കു ശേഷം ഒരു ഇന്ത്യൻ ബഹിരാകാശയാത്രികൻ ബഹിരാകാശത്ത് എത്തുന്നത് ഇതാദ്യമായാണ്. ഇതിനൊപ്പം തന്നെ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശ നിലയത്തിൽ പ്രവേശിച്ച ഇന്ത്യക്കാരൻ എന്ന റെക്കോർഡും ശുഭാംശു സ്വന്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments