തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ (101) ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വ്യക്തമാക്കി ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ജൂൺ 23-ന് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ശ്വാസോച്ഛോസം, രക്തസമ്മർദ്ദം, വൃക്കകളുടെ പ്രവർത്തനം എന്നിവ നിലനിർത്താൻ ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ നിരവധി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു. വി എസിന്‍റെ മകൻ വി എ അരുൺകുമാർ നേതാക്കളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഗണ്യമായ മാറ്റമില്ല.
1964-ൽ സി.പി.എം. സ്ഥാപക നേതാക്കളിൽ ഒരാളായ വി.എസ്. അച്യുതാനന്ദൻ, 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. 2019-ൽ സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. നിലവിൽ, ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണനിലയിലാക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നുണ്ട്. ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി മെഡിക്കൽ ബോർഡ് യോഗം ചേരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



