ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും. ബ്രസീൽ, അർജന്റീന, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ തുടങ്ങിയ അഞ്ച് രാഷ്ട്രങ്ങളാണ് സന്ദർശിക്കുക. കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശസന്ദർശനമാണിത്. റിയോഡി ജനീറോയിൽ ആറും ഏഴും തീയതികളിൽ നടക്കുന്ന 17ാമത് ബ്രിക്സ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.
എട്ട് ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി ആദ്യം ഘാനയിലെത്തും. പ്രസിഡൻറ് മഹാമ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. വ്യാപാരവും പ്രതിരോധ സഹകരണവും ചർച്ച ചെയ്യും. മൂന്നിന് ജനസംഖ്യയിൽ 45 ശതമാനം ഇന്ത്യൻ വംശജർ ഉള്ള കരീബിയൻ രാജ്യമായ ട്രിനിഡാഡിലെത്തും. നാലിനും അഞ്ചിനും അർജൻറീന സന്ദർശിക്കുന്ന മോദി അവിടെനിന്ന് ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും. ശേഷം ജൂലൈ ഒമ്പതിനാണ് നമീബിയയിൽ എത്തുക.



