ന്യൂഡല്‍ഹി : മാലിയില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരുടെ മോചനത്തിനുള്ള ശ്രമം തുടരുന്നു. മോചനം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
”ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ റിപ്പബ്ലിക് ഓഫ് മാലി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പടിഞ്ഞാറന്‍ മാലിയിലെ കെയ്സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലാണ് ഒരു സംഘം ആയുധധാരികളെത്തി ആക്രമണം നടത്തിയത്. തോക്കുധാരികള്‍ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അല്‍-ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വാള്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന ഏകോപിത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ സംഭവ വികാസങ്ങൾ അറിയാനും സഹായത്തിനും ബമാകോയിലെ എംബസിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.



