25 വർഷം നീണ്ട പാകിസ്താനിലെ പ്രവർത്തനം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് ജീവനക്കാരുടെ എണ്ണവും പ്രവർത്തനങ്ങളും മൈക്രോസോഫ്റ്റ് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം. 2000 ജൂണിലാണ് സോഫ്റ്റ്‌വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ചത്.
മൈക്രോസോഫ്റ്റ് പാകിസ്ഥാന്റെ സ്ഥാപക മേധാവി ജവാദ് റഹ്മാൻ ആണ് നിലവിലെ പിന്മാറ്റം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. അതേസമയം കമ്പനിയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. ടെക് റഡാറിന്റെ റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാനിൽ മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചെന്നും ഏകദേശം അഞ്ച് ജീവനക്കാരുള്ള ഒരു ലെയ്സൺ ഓഫീസ് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് വിവരം.



