ടെക്സസ് : കന്നുകാലികളോടെന്ന പോലെയാണ് അമേരിക്കയിലെ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ വച്ച് തന്നോട് പെരുമാറിയതെന്ന് പലസ്തീൻ യുവതി വാർഡ് സാകിക്ക് (22) വെളിപ്പെടുത്തി. ടെക്സസ് സ്വദേശിയായ താഹിർ ഷെയ്ഖുമായുള്ള വിവാഹശേഷം മധുവിധു കഴിഞ്ഞ് മയാമിയിലെ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വാർഡിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് പിടികൂടിയത്.
സൗദി അറേബ്യയിൽ ജനിച്ച വാർഡിന് ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്തതാണ് ഇതിന് കാരണം. 140 ദിവസമാണ് യുവതിയെ കസ്റ്റഡിയിൽ വെച്ചത്. ജൂലൈ മൂന്നിനാണ് വാർഡ് കസ്റ്റഡിയിൽ നിന്ന് മോചിതയായത്. അറസ്റ്റിന് മുൻപ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നിബന്ധനകൾ അനുസരിച്ച് വാർഡ് കൃത്യമായി പരിശോധനകൾക്ക് ഹാജരായിരുന്നു.
‘‘ ഏകദേശം അഞ്ച് മാസത്തിന് ശേഷം ഒരു മരം പോലും കാണുന്നത് സന്തോഷവും ഞെട്ടലും ഒരുമിച്ചുണ്ടാക്കിയ അനുഭവമായിരുന്നു. എന്റെ ജീവിതത്തിലെ അഞ്ച് മാസമാണ് നഷ്ടമായത്. പൗരത്വമില്ലാത്തതിനാൽ എന്നെ ഒരു ക്രിമിനലിനെപ്പോലെ ചിത്രീകരിച്ചു. എന്റെ ഭാഗത്തെ തെറ്റുകൊണ്ടല്ല ഞാൻ പൗരത്വമില്ലാത്ത വ്യക്തിയായത്, എനിക്ക് അവസരങ്ങൾ ലഭിക്കാത്തതാണ് കാരണം.
എട്ടാം വയസ്സുമുതൽ യുഎസിലാണ് താമസിക്കുന്നത്. ഇവിടുത്തെ നിയമങ്ങൾ അനുസരിക്കുന്ന ഒരു താമസക്കാരിയാണ്. ഞാൻ ഇവിടുത്തെ കോളജിലാണ് പഠിച്ചത്. ഡാലസ് ഫോർട്ട്‌വർത്തിൽ വിവാഹ ഫൊട്ടോഗ്രഫറായി നല്ല രീതിയിൽ ജീവിക്കുന്നു. അടുത്തിടെയാണ് താഹിറിനെ വിവാഹം ചെയ്തത് എന്നും യുവതി പറഞ്ഞു



