മസ്കത്ത്: അബൂദബിയിൽനിന്ന് സലാലയിലേക്കുള്ള വിസ് എയർ സർവീസിന് തുടക്കമായി. വിമാനത്തെ സലാല വിമാനത്താവളം സ്വാഗതം ചെയ്തു. ഖരീഫ് സീസണിൽ രണ്ട് നഗരങ്ങൾക്കിടയിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ വിസ് എയർ നടത്തും. ടൂറിസത്തിനും സാമ്പത്തിക ബന്ധങ്ങൾക്കും ഇത് ഒരു ഉത്തേജനം നൽകുമെന്നും യാത്രക്കാർക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഒമാൻ എയർപോർട്സ് വ്യക്തമാക്കി. പുതിയ റൂട്ടിൽ തുടർച്ചയായ വിജയത്തിനും സുരക്ഷിത യാത്രകൾക്കും ഒമാൻ എയർപോർട്ട്സ് വിസ് എയർ അബൂദബിക്ക് ആശംസകൾ നേർന്നു.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി വിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുന്ന സമയമാണ് ഖരീഫ് സീസൺ. നിരവധി വിമാന കമ്പനികൾ സീസണിനോടനുബന്ധിച്ച് സലാലയിലേക്ക് നേരിട്ട് സർവീസ് നടത്താറുണ്ട്. അബൂദബിയിൽനിന്ന് സലാലയിലേക്കുള്ള വിസ് എയർ സർവീസിന് തുടക്കമായിട്ടുണ്ട്. ഒമാന്റെ തെക്കൻ മേഖലയിലേക്കുള്ള ഒരു പ്രധാന കവാടമായി സലാലയിൽ അന്താരാഷ്ട്ര എയർലൈനുകളിൽ നിന്നുള്ള വർധിച്ചുവരുന്ന താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് വിസ് എയറിന്റെ പുതിയ സർവീസ്. അതേസമയം സീസണിന് മുന്നോടിയായി ഫ്ളൈനാസ് സൗദി അറേബ്യയിൽനിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്നാണ് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഫ്ളൈനാസ് ആരംഭിച്ചത്. ആഴ്ചയിൽ 16 സർവീസുകളാണ് ഉണ്ടാവുക.



