ദുബൈ: ദുബൈ നഗരത്തിൽ 633 മില്യൺ ദിർഹത്തിന്റെ പുതിയ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചു. വേൾഡ് ട്രേഡ് സെന്റർ, ഫിനാൻഷ്യൽ സെന്റർ എന്നിവക്ക് സമീപത്താണ് പുതിയ പാലങ്ങളും ടണലുകളും ഉൾപ്പെടെ വൻ റോഡ് വികസന പദ്ധതി നടപ്പാക്കുന്നത്.
ദുബൈ ഫ്യൂച്ചർ മ്യൂസിയം, മിക്ക ദിവസങ്ങളിലും അന്താരാഷ്ട്ര പ്രദർശനങ്ങളും സമ്മേളനങ്ങളും നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെന്റർ, ധനകാര്യസ്ഥാപനങ്ങളുടെ കേന്ദ്രമായ ദുബൈ ഫിനാൻഷ്യൽ സെന്റർ എന്നിവയിലേക്ക് കടന്നുപോകുന്ന അൽമുസ്തഖ്ബൽ സ്ട്രീറ്റാണ് 633 മില്യൺ ദിർഹം ചെലവിൽ വികസിപ്പിക്കുന്നത്. പലപ്പോഴും വൻഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഈ മേഖലയിലെ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.



