തിരുവനന്തപുരം: ഹൈകമാൻഡിനെ തള്ളിപ്പറഞ്ഞ് മോദി സ്തുതി തുടരുന്ന ശശി തരൂരിനോട് പ്രവർത്തക സമിതിയംഗമെന്ന പരിഗണന നൽകാതെ അകലം പാലിക്കാൻ കോൺഗ്രസ് നേതൃത്വം. പാര്‍ട്ടി പരിപാടികൾക്ക് ക്ഷണിക്കേണ്ടെന്നാണ് അനൗദ്യോഗിക ധാരണ. പാർട്ടി വിരുദ്ധത ഉറക്കെ വിളിച്ചുപറഞ്ഞ് ‘വ്യത്യസ്തനാകാനുള്ള’ തരൂരിന്റെ ശ്രമങ്ങളെ അനുനയത്തിന്റെ ഭാഷയിൽ വകവെച്ചുനൽകേണ്ടെന്നാണ് നിലപാട്.
കോൺഗ്രസ് ജനപ്രതിനിധിയായി തുടരുമ്പോഴും നേതൃത്വത്തിൽ വിശ്വാസമില്ലെന്ന വിധം പരസ്യപ്രഖ്യാപനങ്ങൾ നടത്തിയ തരൂർ ചെറുതല്ലാത്ത വിഷമസന്ധിയിലാണ് പാർട്ടിയെ എത്തിച്ചത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടെന്ന തന്ത്രപരമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും എത്രനാൾ ഇങ്ങനെ തുടരാനാകുമെന്നതിൽ ആശയക്കുഴപ്പമുണ്ട്.



