Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന്...

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും. സർക്കാർ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂർത്തിയാകുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന ഡ്രാഗൺ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്.ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. ഭാവി ബഹിരാകാശ യാത്രകൾക്കും ശാസ്ത്ര ഗവേഷണങ്ങൾക്കും മുതൽക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂർത്തിയാക്കിയത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി.

വെറ്ററൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ കമാൻഡറായുള്ള ദൗത്യത്തിൽ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവും മിഷൻ സ്പെഷ്യലിസ്റ്റുകളാണ്. സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗൺ പേടകത്തിൽ തന്നെയാണ് ഭൂമിയിലേക്കുള്ള മടക്കവും. ഉച്ചയ്ക്ക് 2.50ന് യാത്രികർ പേടകത്തിന് അകത്ത് കയറുകയും ഹാച്ച് അടക്കപ്പെടുകയും ചെയ്യും. 4.35ന് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക് ചെയ്യപ്പെടും. ഒന്നര മണിക്കൂറോളം സമയമെടുത്ത് നിലയത്തിൽ നിന്ന് സുരക്ഷിത അകലത്തിൽ എത്തിയ ശേഷമാകും ഭൂമിയെ ലക്ഷ്യമാക്കി അതിവേഗ യാത്ര തുടങ്ങുക. 22 മണിക്കൂർ ദൈർഘ്യമുള്ള യാത്രക്കൊടുവിൽ കാലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം സ്പ്ലാഷ് ഡൗൺ ചെയ്യും. കപ്പലിൽ എത്തി വിദഗ്ധർ പേടകത്തെയും യാത്രികരെയും കരയിലേക്ക് മാറ്റും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments