കാസർകോട്: ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകൾ. രണ്ടു മാസത്തിലധികം നീണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യം. ഒടുവിൽ കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി അർജുന്റെ ജന്മനാട്ടിലേക്കുള്ള മടക്കം. ഓരോ മലയാളിയുടെ മനസ്സിലെയും ഒരു നോവോർമ്മ കൂടിയാണ് അർജുനും ഷിരൂർ അപകടവും.
2024 ജൂലൈ 16, അങ്കോളക്കടുത്ത് ഷിരൂരിലും പരിസര പ്രദേശങ്ങളിലും മഴ രൗദ്രഭാവം പൂണ്ട ദിവസം. ദേശീയപാത 66 ൽ ഒരു മല ഒന്നാകെ പുഴയിലേക്ക് പതിക്കുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം 11 മനുഷ്യ ജീവനുകൾ ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ആഴ്ന്നു പോയി.



