ആലപ്പുഴയിൽ അമ്മയും പെൺമക്കളും കൈകുഞ്ഞുമടങ്ങുന്ന കുടുംബത്തെ വീട്ടിൽ നിന്നിറക്കി വിട്ട് സിപിഐഎം. സിപിഐഎം പാലമേൽ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു വീട് പൂട്ടി കൊടി കുത്തിയത്. ഇഎംഎസ് ഭവന പദ്ധതിയിൽ ലഭിച്ച വീട് വിറ്റതാണ് പ്രശ്നമെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി പ്രതികരിച്ചു. ആദിക്കാട്ട് കുളങ്ങര സ്വദേശി അർഷാദ്, ഭാര്യ റജൂല, രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ദുരവസ്ഥ നേരിട്ടത്. പിന്നാലെ പൊലീസുകാർ സ്ഥലത്തെത്തി വീട് തുറന്ന് കൊടുത്തു.
വീടിന്റെ മുൻ ഉടമസ്ഥനുമായി ബന്ധപ്പെട്ട പ്രശ്നത്തിനാണ് മൂന്ന് ദിവസം മുമ്പ് താമസത്തിന് എത്തിയ കുടുംബത്തെ നേതൃത്വം പെരുവഴിയിൽ ഇറക്കി വിട്ടത്. 2006 ൽ പട്ടയ ഭൂമിയായി നൽകിയ സ്ഥലം ഉടമസ്ഥൻ കൈമാറ്റം ചെയ്തത് തങ്ങൾ തടഞ്ഞതാണെന്ന് സംഭവത്തിൽ സിപിഐഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നു.
രാത്രി വീട്ടിൽ കഴിയാനാകില്ലെന്നും സിപിഐഎം ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പൊലീസിനോട് കുടുംബം പറഞ്ഞു. പെൺകുട്ടികളുമായി കുടുംബം ബന്ധുവീട്ടിലേക്ക് മാറി. സംഭവത്തിൽ പൊലീസ് കേസെടുത്തു.



