ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ചർച്ചചെയ്യാൻ ‘ഇന്‍ഡ്യ’ സഖ്യം ഇന്ന് യോഗം ചേരും. രാത്രി ഏഴുമണിക്ക് ഓൺലൈനായാണ് യോഗം.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ , വോട്ടർപട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാന അപകടം തുടങ്ങിയവ സർക്കാരിനെതിരെ ശക്തമായി ഉന്നയിക്കുന്നതിൽ ഒറ്റ നിലപാടിലേക്ക് എത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. അതേസമയം ആം ആദ്മി പാർട്ടി(എഎപി) യോഗത്തിൽ പങ്കെടുക്കില്ല. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ല എന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും തൃണമൂല്‍ കോൺഗ്രസ്(ടിഎംസി) യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിലാണ് ‘ഇന്‍ഡ്യ’ സഖ്യം അവസാനമായി യോഗം ചേർന്നത്. അതേസമയം ഇനി സഖ്യത്തിന്റെ ഭാഗമല്ലെന്ന് ഔദ്യോഗികമായി തന്നെ എഎപി അറിയിച്ചു. രാജ്യസഭാ എംപി സഞ്ജയ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ആം ആദ്മി പാർട്ടി നിലപാട് വ്യക്തമാക്കുകയാണ്. ‘ഇന്‍ഡ്യ’ സഖ്യം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ചതാണ്. ഡൽഹി, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ ഒറ്റയ്ക്കാണ് മത്സരിച്ചത്. ബിഹാർ തെരഞ്ഞെടുപ്പിലും ഞങ്ങൾ ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ ഒറ്റയ്ക്ക് മത്സരിച്ചു. ആം ആദ്മി പാർട്ടി ഇനി സഖ്യത്തിന്റെ ഭാഗമല്ല.’’ – സഞ്ജയ് സിങ് എംപി പറഞ്ഞു



