ആലപ്പുഴ: ആലപ്പുഴയില്‍ അമ്മയെയും പെണ്‍മക്കളെയും സിപിഐഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നിറക്കി വിട്ട സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറിയടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. സിപിഐഎം പാലമേല്‍ ലോക്കല്‍ സെക്രട്ടറി നൗഷാദിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. അമ്മ റജബിന്റെ പരാതിയിലാണ് കേസെടുത്തത്.
വ്യാഴാഴ്ച ഉച്ചക്കാണ് സിപിഐഎം പാലമേല്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അമ്മയെയും പെണ്‍മക്കളെയും വീട്ടില്‍ നിന്നും ഇറക്കിവിടുന്നത്.ഇഎംഎസ് ഭവന പദ്ധതിയില്‍ ലഭിച്ച വീട് വിറ്റത് കൊണ്ടാണ് ഇത്തരം ഒരു നടപടിയെടുത്തതെന്ന് സിപിഐഎം പ്രവര്‍ത്തകരും ആരോപിച്ചിരുന്നു. നൂറനാട് പൊലീസില്‍ കുടുംബം പരാതി നല്‍കിയതോടെ പൊലീസെത്തി വീട് തുറന്നു നല്‍കുകയായിരുന്നു.
കുളങ്ങര സ്വദേശി അര്‍ഷാദ്, ഭാര്യ റജൂല, രണ്ട് മക്കളടങ്ങുന്ന കുടുംബമാണ് പെരുവഴിയിലായത്. മൂന്ന് ദിവസം മുന്‍പാണ് കുടുംബം ഇവിടെ താമസത്തിനെത്തിയത്. കുട്ടികളുമായി ആശുപത്രിയില്‍ പോയിമടങ്ങിയെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്.
അമ്മയെയും മക്കളെയും വീട്ടില്‍ നിന്നും സിപിഐഎം ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി രംഗത്തെത്തിയിരുന്നു. മരണം വരെ നീതിയുടെ പക്ഷത്തു നിന്ന് മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ പോരാടിയ ഒരു ഭരണാധികാരിയുടെ ഓര്‍മ്മദിനത്തില്‍ ചുറ്റും കേള്‍ക്കുന്നത് നീതിനിഷേധത്തിന്റെ കുടിയിറക്കലിന്റെ വാര്‍ത്തകളാണെന്നത് വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമ്മയെയും പെണ്‍മക്കളെയും വീട്ടില്‍ നിന്നിറക്കി വിടുന്നതിന് സിപിഐഎം ലോക്കല്‍ സെക്രട്ടറിയും പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വം നല്‍കിയ കാഴ്ച ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. വികസന പദ്ധതികളും വ്യവസായങ്ങളും അടച്ചുപൂട്ടിക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് സിപിഎം ഒട്ടും മുന്നോട്ട് സഞ്ചാരിച്ചിട്ടില്ലെന്നാണ് ഇത് വിളിച്ചുപറയുന്നത്. വെള്ളം കയറിയ വീട്ടില്‍ നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎം ഒറ്റപ്പെട്ട കാഴ്ചയല്ല. കാലങ്ങളായി സിപിഎം നടത്തുന്ന മനുഷ്യത്വഹീനമായ പ്രവൃത്തികളുടെ തുടര്‍ച്ച മാത്രമാണിത്. എംപി ഫേസ് ബുക്കില്‍ കുറിച്ചു.



