ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ തിരുവനന്തപുരം എം.പി ശശി തരൂരിനെ വിമർശിച്ച് കാസര്‍കോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്‍ വീണ്ടും രംഗത്ത്. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത ഉണ്ണിത്താന്‍, യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തി നൽകുമെന്നും ആരോപിച്ചു. യോഗത്തിൽ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണമെന്നും തരൂർ ചെയ്യുന്നതെല്ലാം പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണെന്നും രാജ്മോഹൻ പ്രതികരിച്ചു.
“തരൂരിന് സ്വയം കോണ്‍ഗ്രസിൽനിന്നും പുറത്തേക്ക് പോകാം. കോൺഗ്രസ് പുറത്താക്കി രക്തസാക്ഷിയാകാൻ നോക്കേണ്ടതില്ല. ഇന്ന് തരൂരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണ്. എല്ലാവരും അത് ആഗ്രഹിക്കുന്നു. നേതൃത്വത്തെ കരിവാരിത്തേക്കുന്ന പ്രസ്താവനകൾ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എം.പിമാര്‍ യോഗത്തില്‍ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാവില്ല. പാർട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂർ ആഗ്രഹിക്കുന്നത്. എന്നാൽ, പാർട്ടി അദ്ദേഹത്തെ പുറത്താക്കില്ല” -രാജ്മോഹൻ ഉണ്ണിത്താന്‍ പറഞ്ഞു.



