Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅപ്രതീക്ഷിത പ്രഖ്യാപനവുമായി ജഗധീപ് ധൻകർ; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചു

അപ്രതീക്ഷിത പ്രഖ്യാപനവുമായി ജഗധീപ് ധൻകർ; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചു

ദില്ലി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്.

മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു. 

ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയിൽ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാർലമെൻ്റിൽ എത്തിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 67 (a) പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്താണ് അദ്ദേഹം എക്സിൽ പങ്കുവച്ചത്.

രാഷ്ട്രപതിയിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചുള്ളതാണ് കത്ത്. ഭാരതത്തിൻ്റെ വളർച്ചയിലും വികാസത്തിലും സാക്ഷിയാകാൻ സാധിച്ചതിലുള്ള അഭിമാനത്തോടെയാണ് താൻ പടിയിറങ്ങുന്നതെന്ന് വ്യക്തമാക്കിയാണ് കത്ത് അവസാനിപ്പിക്കുന്നത്. അതേസമയം രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നത് വ്യക്തമല്ല.

ഇക്കഴിഞ്ഞ ജൂലൈ ഏഴിന് അദ്ദേഹം ഭാര്യ ഡോ.സുധേഷ് ധൻകറിനൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഉച്ചപൂജയ്ക്കായിരുന്നു ഇരുവരും ക്ഷേത്രത്തിലെത്തിയത്. പത്തുമിറ്റുകൊണ്ട് ദര്‍ശനം പൂര്‍ത്തിയാക്കിയ ഉപരാഷ്ട്രപതി രണ്ടേകാലോടെ ഗുരുവായൂര്‍ ശ്രീ കൃഷ്ണകോളെജ് ഹെലിപ്പാഡില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.  കൊച്ചിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർത്ഥികളുമായി സംവദിച്ച ശേഷമാണ് അദ്ദേഹം ദില്ലിക്ക് മടങ്ങിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments