രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും മലയാളിയുമായ ഗീത ഗോപിനാഥ് വീണ്ടും അധ്യാപന ജീവിതത്തിലേക്ക് മടങ്ങുന്നു. ഐഎംഎഫിന്റെ തലപ്പത്തെ രണ്ടാമത്തെ വലിയ പദവിയായ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഗീത, ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് അധ്യാപികയായി ഓഗസ്റ്റിൽ തിരിച്ചെത്തും.
ഇന്ത്യൻ വംശജയെങ്കിലും യുഎസ് പൗരത്വമുള്ള ഗീത ഗോപിനാഥ്, ഹാർവഡിൽ അധ്യാപികയായിരിക്കേ 2019ലാണ് ചീഫ് ഇക്കണോമിസ്റ്റായി ഐഎംഎഫിൽ ചേർന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയുമായിരുന്നു. തുടർന്ന്, 2022ൽ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി. ഈ പദവിയിലെത്തിയ ആദ്യ വനിതയെന്ന നേട്ടവും ഗീതയ്ക്ക് സ്വന്തം. ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടർ ബൾഗേറിയക്കാരി ക്രിസ്റ്റലീന ജോർജിയേവയാണ്. ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടർ, ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പദവികളിൽ ഒരേസമയം വനിതകളായതും ആദ്യമായിരുന്നു.



