ധാക്ക: യുദ്ധവിമാനം പരിശീലന പറക്കലിനിടെ സ്കൂളിന് മീതെ പതിച്ചുണ്ടായ അപകടത്തിൽ കണ്ണീരണിഞ്ഞ് ബംഗ്ലാദേശ്. അപകടത്തിൽ 25 സ്കൂൾ കുട്ടികളടക്കം 31 പേർക്കാണ് ജീവൻ നഷ്ടമായത്. 171 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൈനീസ് നിർമിത എഫ് 7 വിമാനമാണ് തകർന്നു വീണത്. ധാക്കയുടെ വടക്കൻ മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിലേക്കാണ് വിമാനം പതിച്ചത്. അപകടത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർഥികളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ സ്കൂളിലെ വിദ്യാർഥികളടക്കം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അപകടത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുക, പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കുക, അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ബംഗ്ലാദേശ് വ്യോമസേന കാലഹരണപ്പെട്ടതും സുരക്ഷിതമല്ലാത്തതുമായ പരിശീലന വിമാനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളോടെയായിരുന്നു പ്രതിഷേധം.



