ന്യൂഡൽഹി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കേന്ദ്ര സർക്കാർ. യമനിലെ കൊലപാതക കേസിൽ വധശിക്ഷ നേരിടുന്ന ഇന്ത്യൻ പൗരയായ നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുന്നയിക്കുന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതെല്ലാം തെറ്റാണ്. വൈകാരിക പ്രാധാന്യമുള്ള ഈ വിഷയത്തിൽ തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും ഒഴിവാക്കാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്’-എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തത്.
യമൻ തലസ്ഥാനമായ സൻആയിൽ നടന്ന ഉന്നതതല യോഗത്തിൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി. അബൂബക്കൻ മുസ്‍ല്യാർ പറഞ്ഞിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫിസിനെ അറിയിച്ചിരുന്നെന്നും തുടർനടപടികളിൽ വ്യക്തത വരേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു. ‘ദ ഫെഡറൽ’ പോർട്ടലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കാന്തപുരത്തിന്‍റെ വിശദീകരണം. അതിനു പിന്നാലെയാണ് കേന്ദ്ര സർക്കാറിന്റെ പ്രതികരണം.



