തിരുവനന്തപുരം : ഛത്തിസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചതിൽ ആശയക്കുഴപ്പമുണ്ടായെന്നു കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് ചുമതലപ്പെടുത്തിയ ആളോ സിബിസിഐ ചുമതലപ്പെടുത്തിയവരോ അല്ല ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടപടിക്രമം പൂര്‍ത്തിയാക്കാതെ ജാമ്യഹര്‍ജി കൊടുത്താല്‍ തള്ളിക്കളയുന്നതു സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ഓഫിസിലേക്കും ആശുപത്രിയിലേക്കും ജോലിക്കായി 3 പെൺകുട്ടികളുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കന്യാസ്ത്രീകൾ ആൾകൂട്ട വിചാരണ നേരിട്ടത്. പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു ജയിലിലാക്കി. കോടതിയുടെ അധികാരപരിധിയെച്ചൊല്ലി ഛത്തീസ്ഗഡ് സർക്കാർ എതിർപ്പുന്നയിച്ചതോടെ, കന്യാസ്ത്രീകൾക്ക് ഇന്നലെയും ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഏഴാം ദിവസവും സിസ്റ്റർമാരായ പ്രീതി മേരിയും വന്ദന ഫ്രാൻസിസും ജയിലിൽ തുടരുകയാണ്. എൻഐഎ പ്രത്യേക കോടതിയാണ് കേസ് ഇനി പരിഗണിക്കേണ്ടതെന്ന് ദുർഗ് സെഷൻസ് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയം പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നു മാത്രമേ ഉണ്ടാകുന്നുള്ളൂവെന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ ദീര്‍ഘനാള്‍ ജയിലില്‍ കിടത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.



