ബാങ്കോക്ക് : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ തായ്‌ലൻഡിൽ നടന്ന പതിനാലാമത്
ദ്വിവത്സര ഗ്ലോബൽ കോൺഫറൻസിൽ വച്ച് സംഘടനയുടെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറായി ജോസ് കോലത്ത് ചുമതലയേറ്റു.
ഏകദേശം രണ്ട് ദശാബ്ദത്തോളമായി സംഘടനയോടൊപ്പം പ്രവർത്തിക്കുന്ന ജോസ് കോലത്ത്, വേൾഡ് മലയാളി കൌൺസിൽ മുൻ ഗ്ലോബൽ പ്രവാസി കാര്യ വകുപ്പ് ചെയർമാൻ, ഡബ്ലിയു. എം. സി. ഖത്തർ പ്രൊവിൻസ് സ്ഥാപക അംഗം തുടങ്ങി വിവിധ ചുമതലകൾ വഹിക്കയും സംഘടനയുടെ പ്രചരണാർത്ഥം അമേരിക്ക, ഓസ്ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള വ്യക്തിയുമാണ്. കോഴഞ്ചേരി സ്വദേശിയും, മുപ്പതു വർഷത്തിലേറെയായി ഖത്തർ പെട്രോളിയം കമ്പനി സീനിയർ ഉദ്യോഗസ്ഥനുമായിരുന്ന കോലത്ത്, പ്രവാസികളുടെ വിവിധ വിഷയങ്ങൾ നോർക്ക വഴിയും എൻ. ആർ. ഐ. കമ്മീഷൻ മുഖേനയും സംസ്ഥാന സർക്കാരിന്റെയും കൂടാതെ കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തുന്നതിൽ ഉത്സുകനായിരുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്, അമേരിക്കൻ മലയാളി സംഘടനകളായ ഫോമാ, ഫൊക്കാനാ അടക്കമുള്ള സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയുമാണ്.

നിർധന കുടുംബങ്ങൾക്കുള്ള വിവിധ സഹായങ്ങളെയും പ്രവാസ സമൂഹത്തിനു നൽകിയ കൈത്താങ്ങലുകളെയും മാനിച്ചു
പ്രവാസി പുരസ്കാരവും,
ഗുഡ് സമരിറ്റൻ അവാർഡും ലഭിച്ചിട്ടുള്ള ജോസ് കോലത്ത് രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ ലോക കേരളസഭയിലും അംഗമായിരുന്നു. ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് പ്രതീക്ഷിക്കാം.
വേൾഡ് മലയാളി കൌൺസിൽ
ഗ്ലോബൽ ചെയർമാനായി അമേരിക്കയിലെ തോമാർ ഗ്രൂപ് സി.ഇ. ഒ തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രെസിഡന്റായി പ്രമുഖ വ്യവസായിയും മുൻ ഫൊക്കാന പ്രെസിഡന്റുമായിരുന്ന ബാബു സ്റ്റീഫൻ, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായി ടി.പി. വിജയൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ആയി ഷാജി മാത്യു, ഗ്ലോബൽ ട്രഷറാർ ആയി സണ്ണി വെളിയത്ത്, വൈസ് പ്രെസിഡന്റുമാരായി വ്യവസായിയും എഴുത്തുകാരനുമായ ജെയിംസ് കൂടൽ, ജോൺ സാമുവേൽ, തങ്കം അരവിന്ദ്, ജോഷി പന്നാരകുന്നിൽ, തങ്കമണി ദിവാകരൻ, അജോയ് കല്ലുംകുന്നേൽ, അഡ്വ. തോമസ് പണിക്കർ എന്നിവരും, വൈസ് ചെയർമാൻമാരായി പ്രമുഖ വ്യവസായി സുരേന്ദ്രൻ കണ്ണാട്ട്, ദിനേശ് നായർ, വിൽസൺ സി., മോളി പി., എന്നിവരും, സെക്രെട്ടറിമാരായി അഡ്വ. വിജയ് ചന്ദ്രൻ, പ്രദീപ് കുമാർ എന്നിവരും സ്ഥാപക ജനറൽ സെക്രട്ടറി അലക്സ് വിളനിലം ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം ഏറ്റു ചൊല്ലി. എത്തിക്സ് കമ്മിറ്റി ചെയർമാനായി പോൾ പാറപ്പള്ളി ചുമതലയേറ്റു. കൂടാതെ പ്രവാസി വിഷയങ്ങൾ, എൻവിറോണ്മെന്റ് തുടങ്ങി വിവിധ ഫോറങ്ങൾക്കുള്ള ചെയർമാന്മാരും സത്യപ്രതിജ്ഞ എടുത്തു.

ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ മലയാളി സംഗമങ്ങളിൽ ഒന്നായി ഈ കൺവൻഷൻ മാറി. ചാവോ പ്രയാ നദിയിലൂടെയുള്ള ആഡംബര കപ്പൽസവാരിയോടെ തുടങ്ങിയ കൺവൻഷനിൽ യുഎസ്, കാനഡ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, യൂറോപ്പ് ഉൾപ്പെടെ 30-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 565 പ്രതിനിധികൾ പങ്കെടുത്തു.
എംപി ജോൺ ബ്രിട്ടാസ്, മുൻ എംപി കെ. മുരളീധരൻ, എംഎൽഎ സനീഷ് കുമാർ, നടി സോന നായർ, കവിയും പ്രഭാഷകനുമായ മുരുകൻ കാട്ടാക്കട, മുൻ ഡി.ജിപി. ടോമിൻ തച്ചങ്കരി, സിനിമാ നിർമ്മാതാവ് ദിനേശ് പണിക്കർ, ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ പൗലോമി ത്രിപ്ഷ്ടി, കോൺസുലർ ഡി.പി. സിംഗ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.




