Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനേപ്പാളുമായി ബന്ധം ശക്തമാക്കി വേള്‍ഡ് മലയാളി കൗണ്‍സിൽ

നേപ്പാളുമായി ബന്ധം ശക്തമാക്കി വേള്‍ഡ് മലയാളി കൗണ്‍സിൽ

കാഠ്മണ്ഡു: നേപ്പാളുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി). ഇതിന്റെ ഭാഗമായി ഡബ്ല്യുഎംസി നേതാക്കള്‍ നേപ്പാള്‍ സന്ദര്‍ശിച്ചു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നേപ്പാള്‍ വാണിജ്യ വ്യവസായ മന്ത്രി ദാമോദർ ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി. നേപ്പാളിലെ ഡബ്ല്യുഎംസിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ദാമോദർ ഭണ്ഡാരി യോഗത്തിൽ ഉറപ്പ് നൽകി. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്ന മലയാളി സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുമായും സംഘം കൂടിക്കാഴ്ച നടത്തും.

നേപ്പാളിൽ ഡബ്ല്യുഎംസിയുടെ സാന്നിധ്യം സഹകരണത്തിനും വളർച്ചയ്ക്കും പുതിയ വഴികൾ തുറക്കുമെന്ന് ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ്‌ നായർ പറഞ്ഞു. പുതുതായി നിയമിതനായ സെക്രട്ടറി ജനറൽ ഷാജി മാത്യു മുളമൂട്ടിൽ, വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം നേപ്പാളിലെ മലയാളി കമ്മ്യൂണിറ്റിയുടെ പ്രതിനിധികളുമായും, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

പുതിയ പ്രവിശ്യ രൂപീകരിക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഫാ. റോബിയും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. നേപ്പാളില്‍ പുതിയ ഡബ്ല്യുഎംസി പ്രൊവിന്‍സ് സ്ഥാപിക്കുന്നതിനും, ആഗോള തലത്തില്‍ മലയാളി കള്‍ച്ചറും, താല്‍പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഡബ്ല്യുഎംസി നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നേതാക്കള്‍ നേപ്പാളിലെത്തിയത്.

ബാങ്കോക്കിൽ നടന്ന ഡബ്ല്യുഎംസി ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുത്ത ശേഷമാണ് സംഘടനയുടെ നേതാക്കള്‍ നേപ്പാളിലെത്തിയത്. പ്രതിനിധി സംഘം ബാങ്കോക്കില്‍ മലയാളി കമ്മ്യൂണിറ്റിയുടെ പ്രതിനിധികളുമായും, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.
ആഗോളതലത്തിലുള്ള മലയാളി കമ്മ്യൂണിറ്റിയുടെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വിസ്മരിക്കാനാകാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ഡബ്ല്യുഎംസി. യുഎസ്എയിലെ ന്യൂജേഴ്‌സിയിലാണ് സംഘടനയുടെ ആസ്ഥാനം. ലോകമെമ്പാടുമുള്ള മലയാളികളുമായി സജീവമായി സംഘടന ഇടപഴകുന്നു. ഒപ്പം ഐക്യം വളര്‍ത്താനും, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിച്ച് വരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments