ബാങ്കോക്ക് : സമാധാന നൊബേൽ പുരസ്കാരത്തിന് ഡോണൾഡ് ട്രംപിന്റെ പേര് ശുപാർശ ചെയ്യുമെന്ന് കംബോഡിയ. തായ്‌ലൻഡുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് നേരിട്ടു നടത്തിയ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ശുപാർശ ചെയ്യുന്നതെന്ന് കംബോഡിയൻ ഉപപ്രധാനമന്ത്രി സൺ ചന്തോൽ പറഞ്ഞു.
അതിനിടെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് അടക്കം ലോകമെമ്പാടും ഒട്ടേറെ സംഘർഷങ്ങൾ അവസാനിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു സമാധാന നൊബേൽ സമ്മാനം നൽകണമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റ് പറഞ്ഞു.
അധികാരമേറ്റശേഷം കഴിഞ്ഞ 6 മാസത്തിനിടെ, ഒരുമാസം ഒരു സമാധാനക്കരാർ എന്ന നിലയിലാണു ട്രംപിന്റെ മധ്യസ്ഥത ഫലം കണ്ടതെന്നും തായ്‌ലൻഡ്–കംബോഡിയ, ഇറാൻ–ഇസ്രയേൽ, റുവാണ്ട–കോംഗോ, ഈജിപ്ത്–ഇത്യോപ്യ തുടങ്ങിയ സംഘർഷങ്ങൾ ട്രംപ് ഇടപെട്ട് അവസാനിപ്പിച്ചെന്നും കാരലിൻ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. വാഷിങ്ടൻ മധ്യസ്ഥത വഹിച്ച ചർച്ചയ്ക്കൊടുവിലാണ് ഇന്ത്യ–പാക്ക് സംഘർഷം അവസാനിച്ചതെന്നു മേയ് 10 നു സമൂഹമാധ്യമത്തിലൂടെയാണു ട്രംപ് ആദ്യം അവകാശപ്പെട്ടത്. മൂന്നാംകക്ഷിയുടെ ഇടപെടൽ ഇന്ത്യ നിഷേധിച്ചെങ്കിലും യുഎസ് പ്രസിഡന്റ് ഇക്കാര്യം മുപ്പതോളം തവണ ആവർത്തിച്ചു.



