പ്രിയപ്പെട്ടവരെ ഉലച്ച് നടൻ കലാഭവൻ നവാസിന്‍റെ അപ്രതീക്ഷിത വിയോഗം. സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടൽ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ നവാസിനെ തിരക്കി. മുറി തുറന്നപ്പോൾ വാതിലിനോട് ചേർന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് ഉറപ്പിച്ച ജീവനക്കാർ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല



