ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ബിലാസ്പുർ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്ജ് സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. ഇരുവരും ഇന്ന് തന്നെ മോചിതരാകും. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു. അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.



