Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പി കെ ഫിറോസ്

സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പി കെ ഫിറോസ്

മലപ്പുറം: സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ലഭിക്കണമെന്നും അതില്‍ ഒരിടപെടലും നടത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പി കെ ഫിറോസ് പറഞ്ഞു. സഹോദരന് തന്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വേറെ വ്യക്തിയാണെന്നും പി കെ ഫിറോസ് പറഞ്ഞു. ലഹരി ഇടപാട് നടത്തിയ റിയാസ് തൊടുകയില്‍ സിപിഐഎം പ്രവര്‍ത്തകനാണെന്നും അയാളെ വിട്ടയക്കാന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വരെ പൊലീസ് സ്റ്റേഷനിലെത്തിയെന്നും തന്റെ സഹോദരനുവേണ്ടി ഒരു ലീഗുകാരനും എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ സഹോദരനെതിരെ ചുമത്തിയ കുറ്റം ബിഎന്‍എസിലെ രണ്ട് വകുപ്പുകളാണ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലീസിനെ പരിക്കേല്‍പ്പിച്ചു എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സഹോദരന്‍ ചെയ്ത കുറ്റകൃത്യത്തിന് അദ്ദേഹത്തിന്റെ സഹോദരനായ എനിക്കെതിരെ വ്യാപകമായി പ്രചാരണം നടക്കുകയാണ്. സഹോദരന്‍ ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി ഒരു യോജിപ്പുമില്ല, നിരന്തരം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വേറെയാണ്’-പി കെ ഫിറോസ് പറഞ്ഞു.

‘ലഹരിയിടപാട് നടത്തിയ റിയാസ് തൊടുകയിലിനെ പൊലീസ് പിടികൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് എന്റെ സഹോദരന്റെ മെസേജ് വന്നു എന്നാണ് മറ്റൊരു ആരോപണം. റിയാസ് തൊടുവേല്‍ ആണ് ലഹരിയിടപാട് നടത്തുന്നത്. എന്തിനാണ് അയാളെ ഇന്നലെ പൊലീസ് വിട്ടയച്ചത്? അയാള്‍ ഏത് പാര്‍ട്ടിക്കാരനാണ്? അയാള്‍ സിപിഐഎമ്മുകാരനാണ്. അയാളെ വിട്ടയക്കാന്‍ ആരൊക്കെയാണ് ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ചെന്നത്? സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി നേതാക്കളാണ്. അദ്ദേഹവുമായി എന്റെ സഹോദരന്‍ വാട്ട്‌സാപ്പ് ചാറ്റ് നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. എന്നാല്‍ എന്റെ സഹോദരനെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കാന്‍ ഒരു ലീഗുകാരനും പോയിട്ടില്ല. ഞാനും പോയിട്ടില്ല. അയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ കിട്ടണം. അതില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എതെങ്കിലും ലഹരിയിടപാടുമായി സഹോദരനോ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാണ് എന്റെയും കുടുംബത്തിന്റെയും നിലപാട്’, പി കെ ഫിറോസ് പറഞ്ഞു.

കെടി ജലീലും ബിനീഷ് കോടിയേരിയുമെല്ലാം വിഷയത്തില്‍ പ്രതികരിക്കുന്നതിന്റെ കാരണം വ്യക്തമാണെന്നും അവര്‍ അധികാരത്തെ കൂട്ടുപിടിച്ച് നടത്തുന്ന നെറികേടുകള്‍ക്കെതിരെ ഇനിയും പ്രതികരിച്ചുകൊണ്ടേയിരിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. കുടുംബത്തിലെ ഒരാള്‍ തെറ്റുചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഞങ്ങളുടെ വായ അടപ്പിക്കാമെന്ന് വിചാരിക്കേണ്ടെന്നും അധികാരവര്‍ഗം നടത്തിയ കൊളളരുതായ്മകളും അഴിമതികളും പ്രതിപക്ഷ സംഘടന എന്ന നിലയ്ക്ക് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹോദരനുമായി ബന്ധപ്പെട്ട് പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തട്ടെ. കുറ്റക്കാരനാണെങ്കില്‍ മാതൃകാപരമായ ശിക്ഷ കൊടുക്കട്ടെ. അതില്‍ രാഷ്ട്രീയപരമായോ വ്യക്തിപരമായോ യാതൊരു ഇടപെടലും ഞാന്‍ നടത്തില്ല.- പി കെ ഫിറോസ് പറഞ്ഞു.

‘ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് കോടിയേരി രാജിവെക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? മകന്‍ ചെയ്ത തെറ്റിന് അച്ഛന്‍ രാജിവെക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതില്‍ അന്വേഷണം നടത്തണമെന്നാണ് പറഞ്ഞത്. അന്ന് വലിയ സാമ്പത്തിക ഇടപാട് നടന്നെന്ന് വ്യക്തമായി. ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് ഇടപാട് നടത്തുന്ന ആളുമായി എങ്ങനെയാണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ എന്താണ് പറഞ്ഞത്? ഒരു ഡ്രസ് വാങ്ങാന്‍ ചെന്നപ്പോ കണ്ട പരിചയമാണെന്ന്. അതിലൊക്കെ ദുരൂഹതകളുണ്ട്. തെറ്റായ പ്രവൃത്തി സഹോദരന്റെ ഭാഗത്തുനിന്നും ഉണ്ടായാല്‍ ശിക്ഷ കിട്ടുന്നതില്‍ സന്തോഷം’-പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments