വാഷിംഗ്‌ടെൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനും വ്യാപാര കരാറിലെത്താനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുന്നു. എന്നാൽ, തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ തയാറല്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ വ്യാപാര ഉടമ്പടി അനിശ്ചിതത്വത്തിലായി. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തണമെന്ന യുഎസിന്റെ നിർബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്ക വിഷയം.രണ്ടു രാജ്യങ്ങളും തമ്മിൽ സ്റ്റോക്ക്‌ഹോമിൽ ദ്വിദിന വ്യാപാര ചർച്ചകൾ നടന്നതിന് പിന്നാലെയാണ് തങ്ങളുടെ നിലപാട് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി രംഗത്തെത്തിയത്. നൂറ് ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിക്ക് മറുപടിയായി, രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ചൈന എല്ലായ്‌പ്പോഴും ഊർജ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ ചൈനയുടെയും യുഎസിന്റെയും വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കരാറിൽ എത്താൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം ഇരുരാജ്യങ്ങളും പ്രകടിപ്പിക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ.നൂറ് ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണി അമേരിക്ക നടപ്പാക്കുമോ എന്ന കാര്യത്തിൽ കൺസൾട്ടൻസി ടെനിയോയുടെ മാനേജിങ് ഡയറക്ടർ ഗബ്രിയേൽ വൈൽഡോ സംശയം പ്രകടിപ്പിച്ചു. ഈ ഭീഷണികൾ യാഥാർഥ്യമായാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള വ്യാപാര ഉടമ്പടി പ്രഖ്യാപിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്‌നുമായി റഷ്യയുടെ യുദ്ധം തുടരുകയും ഇറാൻ മിഡിൽ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനാൽ, മോസ്‌കോയുടെയും ടെഹ്രാന്റെയും സൈനിക പ്രവർത്തനങ്ങൾക്കുള്ള ധനസഹായം കുറയ്ക്കുന്നതിന് എണ്ണ വിൽപ്പന പരിമിതപ്പെടുത്താനാണ് യുഎസ് ലക്ഷ്യമിടുന്നത്. തീരുവ ചുമത്തുന്നതിൽ യുഎസ് ഉറച്ചു നിൽക്കുകയാണെങ്കിൽ, ചൈന അവസാനം വരെ പോരാടുമെന്ന്’ ബെയ്ജിങ്ങിലെ ചൈന ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഡബ്ല്യുടിഒ സ്റ്റഡീസ് ഡയറക്ടർ ടു സിൻക്വാൻ പറഞ്ഞു.
അമേരിക്കയും ചൈന വ്യാപാര തർക്കം : ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുന്നു.
RELATED ARTICLES



