വാഷിങ്ടൻ : ഗാസ കീഴടക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ തയാറാകാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഇസ്രയേലും അറബ് രാജ്യങ്ങളും ഗാസയിൽ ഭക്ഷണവും അവശ്യസാമഗ്രികളും സാമ്പത്തിക സഹായവും എത്തിക്കും.’ – ട്രംപ് പറഞ്ഞു. ഗാസ യുഎസ് ഏറ്റെടുക്കുമെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് ട്രംപ് നടത്തിയ പ്രഖ്യാപനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഗാസ കീഴടക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പദ്ധതിയിടുന്നതായി ചൊവ്വാഴ്ച ചേർന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തിരുന്നു. ബെന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ്, മന്ത്രി റോൺ ഡെർമർ, സേനാ മേധാവി ലഫ് ജനറൽ ഇയാൽ സമീർ എന്നിവർ മൂന്നു മണിക്കൂർ ചർച്ച നടത്തിയെന്നും വ്യാഴാഴ്‌ച പ്രദേശിക സമയം വൈകിട്ട് ആറിന് കാബിനറ്റ് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ നടപ്പാക്കാൻ രാജ്യാന്തരതലത്തിൽ സമ്മർദം ശക്‌തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം.



