ദുബൈ: ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ഊഷ്മള സ്വീകരണം. വ്യാഴാഴ്ച മോസ്കോയിലെത്തിയ പ്രസിഡന്റ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ വ്യോമാതിർത്തിയിലെത്തിയ ശൈഖ് മുഹമ്മദിന്‍റെ വിമാനത്തെ റഷ്യൻ സൈനിക വിമാനങ്ങൾ ആദരസൂചകമായി സ്വാഗതം ചെയ്തുകൊണ്ട് അനുഗമിച്ചു.
മോസ്കോയിലെ നുകോവോ വിമാനത്താവളത്തിൽ തുടർന്ന് ഔദ്യോഗിക സ്വീകരണ ചടങ്ങും നടന്നു. യു.എ.ഇയുടെയും റഷ്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിനു ശേഷം റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നടന്നു. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സംബന്ധിച്ചും പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ചയായി.
പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ, ദേശീയസുരക്ഷാ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മാദ് അൽ ശംസി തുടങ്ങി പ്രമുഖർ യു.എ.ഇ പ്രസിഡന്‍റിനെ അനുഗമിക്കുന്നുണ്ട്.



