ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ സേനാമേധാവി അസിം മുനീർ വരുന്നയാഴ്ച യുഎസ് സന്ദർശിക്കും. അമേരിക്കൻ സൈനിക നേതൃത്വവുമായുള്ള ചർച്ചയ്ക്കാണിതെന്നാണ് റിപ്പോർട്ട്. യുഎസിലെ ഉന്നത ഉദ്യോഗസ്‌ഥരുമായും അസിം മുനീർ കൂടിക്കാഴ്‍ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
മേയിൽ ഇന്ത്യയുമായുള്ള സംഘർഷത്തിനുശേഷം ഇതു രണ്ടാംവട്ടമാണ് പാക്ക് സേനാ മേധാവിയുടെ വാഷിങ്ടൻ സന്ദർശനം. ജൂണിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിന് യുഎസിലെത്തിയ അസിം മുനീർ, ട്രംപ് നടത്തിയ സ്വകാര്യവിരുന്നിലും പങ്കെടുത്തിരുന്നു. പിന്നാലെയാണ് പാക്ക് തീരത്തെ എണ്ണ പര്യവേക്ഷണമടക്കം വ്യാപാരക്കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്.
യുഎസ് സെൻട്രൽ കമാൻഡിന്റെ ചുമതല വഹിക്കുന്ന ജനറൽ മൈക്കിൾ എറിക് കുറില്ല അടുത്തിടെ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അസാധാരണമായ പങ്കാളിയാണ് പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച മൈക്കിൾ എറിക് കുറില്ല, മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ പാക്കിസ്ഥാന്റെ പങ്കിനെ പ്രശംസിക്കുകയും ചെയ്‌തിരുന്നു.



