Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica" എല്ലാ നാളും" ബ്രയാൻ തോമസ് രചിച്ച, പുതിയ ഭക്തിഗാനം ജനശ്രദ്ധ നേടുന്നു

” എല്ലാ നാളും” ബ്രയാൻ തോമസ് രചിച്ച, പുതിയ ഭക്തിഗാനം ജനശ്രദ്ധ നേടുന്നു

ബാബു പി സൈമൺ, ഡാളസ് 

ഡാളസ് : യുവ സംഗീത പ്രതിഭകളുടെ കൂട്ടായ്മയിൽ പിറന്ന മറ്റൊരു പുതിയ ഭക്തിഗാനം, “എല്ലാ നാളും”, സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നു. പ്രത്യാശയും വിശ്വാസവും നിറയുന്ന വരികളും ഹൃദയത്തിൽ തൊടുന്ന ഈണവുമാണ് ഈ ഗാനത്തെ വേറിട്ടുനിർത്തുന്നത്.

ബ്രയാൻ തോമസ് രചിച്ച് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മെർലിൻ സ്റ്റീവാണ്. ‘ഈ ലോകമെന്നെ തഴഞ്ഞീടിലും തഴയുകയില്ല നിൻ കൈകൾ’ എന്ന വരികൾ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പകരുന്നു. 

കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം, മലയാള ഭക്തിഗാനങ്ങളുടെ രചനാ ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ശ്രദ്ധേയനാവുകയാണ് യുവകവി ബ്രയാൻ തോമസ്. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ഒരു പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ബ്രയാൻ, തൻ്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഭക്തിഗാന രചനയ്ക്കായി സമയം കണ്ടെത്തുന്നു. ബ്രയാൻ തോമസിൻ്റെ രചനകൾ ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ ഇടയിൽ ചർച്ചയായിക്കഴിഞ്ഞു.

കെ.എസ്. ബിജേഷ് ആണ് ഓർക്കസ്ട്രേഷനും പ്രോഗ്രാമിംഗും നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന് കൂടുതൽ ആഴം നൽകുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.ഗാനത്തിന്റെ മിക്സിംഗും മാസ്റ്ററിംഗും കൈകാര്യം ചെയ്തത് സിജിൻ വർഗീസ് ആണ്. വയലിൻ വിദഗ്ദ്ധനായ ആൽവിൻ കുര്യാക്കോസിന്റെ സോളോ വയലിൻ ഗാനത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. മാർട്ടിൻ പറക്കൻ ആണ് ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. റെക്കോർഡിംഗ് ആർട്ടിസ്റ്റായി അബി വിൽസൺ ജോസ് പ്രവർത്തിച്ചു.

ഇരുൾ നിറഞ്ഞ ജീവിത വഴികളിൽ വെളിച്ചം തേടുന്ന ഒരു മനസ്സിന്റെ യാത്രയും, ക്രൂശിന്റെ തണലിൽ അഭയം കണ്ടെത്തുന്നതിന്റെ ആത്മീയമായ അനുഭവവും ഗാനം പങ്കുവെക്കുന്നു.  ആഴമായ ആത്മീയ ചിന്തകൾക്കൊപ്പം സംഗീതത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരാശയുടെ നിമിഷങ്ങളിൽ പ്രത്യാശയുടെ വെളിച്ചം പകരുന്ന ഈ ഗാനം കൂടുതൽ ആളുകളിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ഗാനം ശ്രവിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  https://youtu.be/Bx8fgI_5rRg

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments