ന്യൂ ഡൽഹി: താരിഫ് വിഷയത്തിൽ അമേരിക്കയെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അമേരിക്കയെ ‘എല്ലാവരുടെയും ബോസ്’ എന്ന് വിശേഷിപ്പിച്ച രാജ്‌നാഥ് സിങ് ഇന്ത്യയുടെ അതിവേഗത്തിലുള്ള വളർച്ച അവർക്ക് പിടിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.’ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾക്ക് മറ്റ് രാജ്യങ്ങളുടേതിനേക്കാൾ വില കൂട്ടാനാണ് ചിലരുടെ ശ്രമം. വില കൂടുമ്പോൾ ആളുകൾ നമ്മുടെ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തുമല്ലോ. എന്നാൽ ഇന്ത്യ അതിവേഗം വളരുകയാണ്. എല്ലാ ആത്മവിശ്വാസത്തോടെയും എനിക്ക് പറയാൻ സാധിക്കും, ലോകശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയെ ഒരാൾക്കും തടയാൻ സാധിക്കില്ല’; രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം, ഇന്ത്യയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവക്കെതിരെ മറുപടി നൽകണമെന്ന ആവശ്യം ബിജെപിയിൽ ശക്തമാകുകയാണ്. അമേരിക്കയ്ക്ക് തക്കതായ മറുപടി നൽകണമെന്നാണ് പാർട്ടി ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പകരം നടപടികൾ എടുക്കാത്തത് ദൗർബല്യമായി വ്യാഖ്യാനിക്കുമെന്നാണ് പ്രധാന അഭിപ്രായം. വിഷയം കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം.തീരുവക്കെതിരെ ചില ബിജെപി നേതാക്കളും പരസ്യമായി രംഗത്തുവന്നിരുന്നു. 140 കോടി ഇന്ത്യക്കാർക്ക് മേലാണ് ട്രംപ് തീരുവ ചുമത്തിയതെന്നും ഈ അവസരത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഒറ്റക്കെട്ടായി നാം നിൽക്കണമെന്നുമായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ പ്രതികരിച്ചത്. അമേരിക്കയുടെ തീരുമാനം അന്യായവും യുക്തി രഹിതവും നിർഭാഗ്യകരവും നീതീകരിക്കപ്പെടാത്തതുമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയർത്തിയത്. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്. ഇതോടെയാണ് 50 ശതമാനം തീരുവയിലേക്കെത്തിയത്. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അതേസമയം ആഗസ്റ്റിൽ നടക്കാനിരിക്കുന്ന ട്രംപ്- പുടിൻ യോഗത്തെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യത തുറക്കാനും യോഗം സഹായിക്കുമെന്നാണ് വിദേശകാര്യ വക്താവ് പ്രസ്താവനയിൽ അറിയിച്ചത്.



