ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
ആശുപത്രിക്ക് മുന്നിലായി തയ്യാറാക്കിയിട്ടുള്ള താൽകാലിക ഷെഡുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതെന്ന് അൽജസീറ അറിയിച്ചു. ഇവരെ കൂടാതെ രണ്ട് ഗാസ നിവാസികളും കൊല്ലപ്പെട്ടു.
അതേസമയം അൽ ഷെരീഫിനെ കൊലപ്പെടുത്തിയകാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. ഹമാസ് ഭീകരവാദിയാണ് അൽ ഷെരീഫ് എന്നആരോപണം ഉന്നയിച്ചാണ് ഇസ്രായേൽ സൈന്യം രംഗത്ത് വന്നത്. ഷെരീഫ് ഹമാസിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്നും ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ഭാഗമായെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങൾ ലോകത്തിനുമുന്നിലെത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനാണ് അൽ ഷെരീഫ്. കൊല്ലപ്പെടുന്നതിന് മിനുട്ടുകൾക്ക് മുൻപ് അദ്ദേഹം ഗാസ സിറ്റിയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു



