Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബ്രിട്ടനിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ ജയിലിലടയ്ക്കും: പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍

ബ്രിട്ടനിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ ജയിലിലടയ്ക്കും: പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ‘നിങ്ങള്‍ നിയമവിരുദ്ധമായി ഈ രാജ്യത്തേക്ക് വന്നാല്‍ ഉടന്‍ തന്നെ തടങ്കിലടയ്ക്കപ്പെടുകയും തിരിച്ചയക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ ഈ രാജ്യത്തുവന്ന് ഒരു കുറ്റകൃത്യം ചെയ്താല്‍ എത്രയും വേഗം നാടുകടത്തും’- കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വളരെക്കാലമായി വിദേശികളായ കുറ്റവാളികള്‍ ബ്രിട്ടന്റെ ഇമിഗ്രേഷന്‍ സംവിധാനത്തെ ചൂഷണം ചെയ്യുകയാണെന്നും അപ്പീലുകള്‍ നീണ്ടുപോകുമ്പോഴും അവര്‍ യുകെയില്‍ തുടരുകയാണെന്നും സ്റ്റാര്‍മര്‍ മറ്റൊരു പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചു. ഇനി അത് നടക്കില്ലെന്നും വിദേശ പൗരന്മാര്‍ നിയമം ലംഘിച്ചാല്‍ അവരെ എത്രയും വേഗം നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുകെയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുളള ‘ഡീപോര്‍ട്ട് നൗ അപ്പീല്‍ ലേറ്റര്‍’ പദ്ധതി ഇന്ത്യയുള്‍പ്പെടെ 15 രാജ്യങ്ങളിലേക്ക് കൂടി ബ്രിട്ടന്‍ വ്യാപിപ്പിച്ചു. ഇതുപ്രകാരം, ലിസ്റ്റുചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുളള അനധികൃതമായി രാജ്യത്ത് തുടരുന്ന പൗരന്മാരെ ഉടന്‍ നാടുകടത്തും. അവരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കില്ല. നാടുകടത്തലിനുശേഷം മാത്രമേ അവര്‍ക്ക് അപ്പീല്‍ നല്‍കാനാകൂ. വിദേശികളായ കുറ്റവാളികളെ പുറത്താക്കുകയും രാജ്യത്തെ ജയിലുകളിലെ സമ്മര്‍ദം കുറയ്ക്കുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ബ്രിട്ടന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

വിദേശകുറ്റവാളികളെ അവരുടെ അപ്പീലുകള്‍ കേള്‍ക്കുന്നതിനു മുന്‍പുതന്നെ നാടുകടത്തുന്ന പദ്ധതിയാണ് ഡീപോര്‍ട്ട നൗ അപ്പീല്‍ ലേറ്റര്‍. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ ശിക്ഷാ കാലാവധി കഴിഞ്ഞായിരിക്കും നാടുകടത്തുക. എന്നാല്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ അപ്പീല്‍ നല്‍കുന്നതിന് മുന്‍പുതന്നെ നാടുകടത്തും. ഇവര്‍ക്ക് നാടുകടത്തപ്പെട്ട ശേഷം സ്വന്തം രാജ്യങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി മാത്രമേ അപ്പീല്‍ ഹിയറിംഗില്‍ പങ്കെടുക്കാന്‍ സാധിക്കുകയുളളു. നേരത്തെ കുറ്റവാളികള്‍ക്ക് അപ്പീല്‍ സംവിധാനത്തിലൂടെ മാസങ്ങളോ വര്‍ഷങ്ങളോ യുകെയില്‍ തുടരാന്‍ കഴിയുമായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments