പാലാ: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ജനറൽ ആശുപത്രിയിലെ മുൻ ആർ.എം.ഒയും പ്രമുഖ സർജനുമായ മീനച്ചിൽ മുരിക്കുംപുഴ പണിക്കൻമാകുടി വീട്ടിൽ ഡോ. പി.എൻ. രാഘവൻ (75) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. ചികിത്സക്കായി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ എത്തിയ 23 കാരിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാർ പാലാ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡോക്ടറെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
പാലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷാജ്മോഹൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിനോജ്, മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



