റിയാദ്: സൗദിയിൽ തൊഴിൽ വിസ സ്റ്റാമ്പിങ്ങിനായി ഭൂരിഭാഗം പ്രൊഫഷനുകൾക്കും പരീക്ഷ നിർബന്ധമാക്കി. ലേബർ, ലോഡിങ് അൺ ലോഡിങ് തുടങ്ങിയ വിസകൾക്കും പുതുതായി നിയമം ബാധകമാകും. ഈ വിസകൾക്ക് കേരളത്തിലുള്ളവരും പരീക്ഷക്കായി ഇനി ചെന്നൈയിലേക്ക് പോകേണ്ടി വരും. സെന്ററുകൾ കേരളത്തിൽ ലഭിക്കാൻ എംപിമാരും കേന്ദ്രവും ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നുണ്ട്.
വിരലിലെണ്ണാവുന്ന പ്രൊഫഷനുകൾക്ക് മാത്രമാണ് നിലവിൽ പരീക്ഷ ഇല്ലാത്തത്. തൊഴിൽ മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ ഈ നീക്കം. നിലവിൽ വിവിധ പ്രൊഫഷനുകൾക്കായി കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളും, ട്രെയിനിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രീഷ്യൻ, പ്ലംബർ, വെൽഡർ തുടങ്ങിയ ജോലികൾക്കുള്ള പരീക്ഷാ കേന്ദ്രങ്ങളായിരുന്നു നേരത്തെ കേരളത്തിൽ ഉണ്ടായിരുന്നത്.
നിലവിൽ കൺസ്ട്രക്ഷൻ, വർക്‌ഷോപ്പ്, ഫുഡ് സെർവർ, തട്ടാൻ, ഷെഫ്, പൈപ് ഇൻസ്റ്റാളർ തുടങ്ങി 22 പ്രൊഫഷനുകൾക്ക് കേരളത്തിൽ പരീക്ഷക്കിരിക്കാം. ഏതാനും പ്രൊഫഷനുകൾക്ക് മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും സെന്ററുണ്ട്. ഏജൻസികൾ വഴിയാണ് നിലവിൽ പരീക്ഷാ നടപടികൾ പൂർത്തിയാക്കുന്നത്. പരീക്ഷ വിജയിച്ചതിന് ശേഷം വിഎഫ്എസ് വഴി ബയോമെട്രിക് പൂർത്തിയാക്കി വിസ സ്റ്റാമ്പ് ചെയ്യാം. വിജയിച്ചവർക്ക് പ്രത്യേക സർട്ടിഫിക്കറ്റുകളും ലഭ്യമാകും.



