ലണ്ടൻ: ഇസ്രയേൽ ഉപരോധം മൂലം കുഞ്ഞുങ്ങൾ വിശന്നുമരിക്കുന്ന ഗാസ സന്ദർശിക്കാൻ ലിയോ മാർപാപ്പയോട് അപേക്ഷിച്ച് പോപ് ഗായിക മഡോണ. മകൻ റോക്കോയുടെ 25–ാം പിറന്നാളിനു സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ മഡോണ എഴുതി: ‘പരിശുദ്ധ പിതാവേ, വല്ലാതെ വൈകും മുൻപേ, അങ്ങ് ഗാസയിലേക്കു പോകൂ, അങ്ങയുടെ വെളിച്ചം കുട്ടികൾക്കു പകരൂ. അമ്മയെന്ന നിലയിൽ, എനിക്ക് അവരുടെ ദുരിതം കണ്ടുനിൽക്കാനാവുന്നില്ല.’
കുട്ടികൾ മുഴുവൻ ലോകത്തിന്റേതുമാണ്. നിരപരാധികളായ അവരെ രക്ഷിക്കാനായി മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ ഗാസയിലേക്ക് എത്തേണ്ടതുണ്ട്. ഗാസയിൽ അങ്ങയുടെ സന്ദർശനം ആർക്കും തടയാനാവില്ല.’ രാഷ്ട്രീയംകൊണ്ടുമാത്രം ഗാസയുടെ പ്രതിസന്ധി തീർക്കാനാവില്ല. അതിനാലാണ് ആധ്യാത്മിക നേതാവിന്റെ സഹായം താൻ തേടുന്നതെന്നും മഡോണ പറഞ്ഞു.



