വാഷിങ്ടൻ : അലാസ്കയിൽ വെള്ളിയാഴ്‌ച നടക്കുന്ന ഉച്ചകോടിക്കു ശേഷം യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് റഷ്യയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുറോപ്യൻ നേതാക്കളും പങ്കെടുത്ത വെർച്വൽ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം വേണ്ടത് റഷ്യ – യുക്രെയ്‌ൻ വെടിനിർത്തലാണെന്നും സമാധാന കരാർ പിന്നീട് മതിയെന്നും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
വൊളോഡിമിർ സെലെൻസ്കിയുടെ നിലപാടിനെ യുറോപ്യൻ നേതാക്കൾ പിന്തുണച്ചു. വെടിനിർത്തലിന് ഡോണൾഡ് ട്രംപ് പിന്തുണ നൽകിയെന്നും ഉച്ചകോടിയിൽ യുക്രെയ്‌നിന് പ്രാതിനിധ്യം നൽകണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ അലാസ്കയിൽ നടക്കുന്ന ഉച്ചകോടിക്കു ശേഷം ഡോണൾഡ് ട്രംപ്, വ്ലാഡിമിർ പുട്ടിൻ, വൊളോഡിമിർ സെലെൻസ്കി എന്നിവർ ചർച്ച നടത്തുന്നതും വേദിയും സംബന്ധിച്ചും നേതാക്കൾ സംസാരിച്ചു.



