അബൂദബി: അബൂദബിയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിൽ വിജയകരമായി കരൾമാറ്റ ശസ്ത്രക്രിയ നടത്തി. മലയാളി ഡോക്ടറുടെ നേതൃത്വത്തിലെ സംഘമാണ് 12 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ഇതോടെ അഹമ്മദ് യഹിയ എന്ന കുഞ്ഞ് യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി.
അബൂദബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ജന്മനാ അത്യപൂർവ ജനിതക തകരാറുമൂലം കരളിന്റെ പ്രവർത്തനം തകരാറിലാകുന്ന രോഗവസ്ഥയിലായിരുന്നു അഹമ്മദ് യഹിയ എന്ന കുഞ്ഞ്. യുഎഇ സ്വദേശികളായ പിതാവ് യഹിയക്കും മാതാവ് സൈനബ് അൽ യാസിക്കും 2010 ൽ കരൾ രോഗത്തെ തുടർന്ന് മറ്റൊരു മകനെ നഷ്ടപ്പെട്ടിരുന്നു. രോഗം തിരിച്ചറിഞ്ഞതോടെ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യ കുഞ്ഞിന് കരൾ പകുത്തുനൽകാൻ മുന്നോട്ടുവന്നു. ഡോ. ഗൗരബ് സെൻ, മലയാളിയായ ഡോ. ജോൺസ് ഷാജി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിസങ്കീർണമായ ശസ്ത്രക്രിയ.



