Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവാട്‌സ്ആപ്പ്, ടെലിഗ്രാം കോളുകൾക്ക് നിയന്ത്രണം; ഇന്റർനെറ്റിൽ പിടിമുറുക്കി റഷ്യ

വാട്‌സ്ആപ്പ്, ടെലിഗ്രാം കോളുകൾക്ക് നിയന്ത്രണം; ഇന്റർനെറ്റിൽ പിടിമുറുക്കി റഷ്യ

മോസ്‌കോ: ജനപ്രിയ മെസേജിങ്‌ ആപ്പുകളായ വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയുള്ള വോയിസ് കോളുകൾക്ക് റഷ്യ നിയന്ത്രണം പ്രഖ്യാപിച്ചു. യുക്രൈനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇന്റർനെറ്റിൽ ഭരണകൂടത്തിന്റെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കരുതപ്പെടുന്നു.

റഷ്യയിലെ 9.6 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കളെയും 8.9 കോടി ടെലിഗ്രാം ഉപയോക്താക്കളെയും നിരോധനം ബാധിക്കുമെന്ന് മീഡിയാസ്‌കോപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ക്രിമിനലുകളെ നേരിടാനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കമെന്ന് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചു.

തട്ടിപ്പുകൾ, പണം തട്ടൽ, അട്ടിമറി, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഈ രണ്ട് പ്ലാറ്റ്ഫോമുകളും സാധാരണയായി ഉപയോഗിക്കപ്പെടുന്നുവെന്ന് റഷ്യയുടെ ഇന്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ അവകാശപ്പെട്ടു. വോയിസ് കോളുകൾക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും വീഡിയോ കോളുകളിലും പ്രശ്‌നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ പറയുന്നു.

2022-ൽ ആരംഭിച്ച യുക്രൈനുമായുള്ള യുദ്ധത്തിന്റെ തുടർച്ചയാണ് ഡിജിറ്റൽ സെൻസർഷിപ്പിലെ പുതിയ നടപടി. റഷ്യയ്ക്കുള്ളിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും അട്ടിമറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും യുക്രൈൻ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് റഷ്യ കരുതുന്നുണ്ട്. ഇതിനകംതന്നെ ഓൺലൈൻ ഉള്ളടക്കത്തിൽ കർശനമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, ‘മാക്‌സ്’ എന്ന മെസേജിങ്‌ പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

സുരക്ഷിതമായ ആശയവിനിമയത്തെ ദുർബലപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ചെറുക്കുന്നുവെന്നും അതുകൊണ്ടാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നും വാട്‌സ്ആപ്പ് പ്രതികരിച്ചു. തട്ടിപ്പും അക്രമത്തിനുള്ള ആഹ്വാനങ്ങളും ഉൾപ്പെടെയുള്ള ദോഷകരമായ ഉള്ളടക്കങ്ങൾ നീക്കുകയും ദുരുപയോഗം തടയുകയും ചെയ്യുന്നുണ്ടെന്ന് ടെലിഗ്രാം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments