കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള സന്ദര്‍ശന വിസ അപേക്ഷിക്കുന്നത് എളുപ്പമാക്കി അധികൃതര്‍. ഇതോടെ രാജ്യത്തേക്ക് സന്ദര്‍ശിക്കേണ്ട യാത്രക്കാർക്ക് ഇനി വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ഇ-വിസയ്ക്ക് അപേക്ഷിക്കാം.
കുവൈത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ടൂറിസത്തിനോ ബിസിനസിനോ വേണ്ടിയുള്ള യാത്രയായാലും, ചില ലളിതമായ ഘട്ടങ്ങൾ പാലിച്ചാൽ വിസ ലഭിക്കും. കുവൈത്ത് വിസ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം യാത്രക്കാരൻ അനുയോജ്യമായ വിസ തിരഞ്ഞെടുക്കണം. വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയും, ബിസിനസ് യാത്രക്കാർക്ക് ബിസിനസ് വിസയും, കുടുംബാംഗങ്ങളെ ക്ഷണിക്കുന്ന പ്രവാസികൾക്ക് ഫാമിലി വിസയും സൈറ്റില്‍ ലഭ്യമാണ്. തുടർന്ന് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വ്യക്തിഗത വിവരങ്ങളും യാത്രാ വിവരങ്ങളും പൂരിപ്പിക്കണം.
ബിസിനസ് വിസ ആവശ്യമായ സ്ഥാപനങ്ങൾ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം ആഭ്യന്തര മന്ത്രാലയം പോർട്ടലിൽ ലോഗിൻ ചെയ്യാൻ ആവശ്യമായ ക്രെഡൻഷ്യലുകൾ നൽകും. വിസ അംഗീകരിക്കപ്പെട്ടാൽ ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാം.
തുടർന്ന് അംഗീകൃത ഇ-വിസ ഡൗൺലോഡ് ചെയ്ത്, യാത്രയ്ക്കിടെ പാസ്‌പോർട്ടിനൊപ്പം പ്രിന്റ് ചെയ്തോ ഡിജിറ്റൽ രൂപത്തിലോ കൈവശം വയ്ക്കണം. രാജ്യത്തേക്കുള്ള യാത്ര സുഗമവും തടസ്സരഹിതവുമാക്കാനാണ് ഇ-വിസ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.



